ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്, വീട് തന്റെ പേരിലല്ലെന്ന് മൊഴി
അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതി വീണ്ടും ജയിലിലടച്ചു. ചോദ്യം ചെയ്യലിൽ മദ്യത്തെക്കുറിച്ച് അറിയില്ലെന്നും മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും ആന്റോ എക്സൈസ് അന്വേഷണ സംഘത്തിന് മുൻപിൽ ആവർത്തിച്ചു.
ഭാര്യാമാതാവ് ബാങ്ക് ലേലത്തിൽ സ്വന്തമാക്കിയതാണെന്നാണ് വാദമെങ്കിലും വീടും കെ.എസ്.ഇ.ബി കണക്ഷനും ആന്റോയുടെ പേരിലാണെന്ന് വ്യക്തമാക്കുന്ന രേഖകൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ, ഈ വീട് അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് മീനങ്ങാടി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയുടെ പകർപ്പും പുറത്തുവന്നു.
ബത്തേരി കോടതി അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധിയിൽ വീടുകളിലെത്തിച്ച് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷമാണ് ആന്റോയെ മാനന്തവാടി ജയിലിലേക്ക് മാറ്റിയത്. പ്രതിഭാഗം ഹാജരാക്കിയ ബാങ്കിന്റെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം ഉടമസ്ഥാവകാശ കൈമാറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നാണ് എക്സൈസ് നിലപാട്. അതേസമയം, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
