തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ധനമന്ത്രി പരാതി നൽകിയതിന് പിന്നാലെ ക്ഷമാപണക്കുറിപ്പുമായി കലയന്താനി കാഴ്ചകൾ
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പരാതി നൽകിയതിന് പിന്നാലെ ക്ഷമാപണക്കുറിപ്പുമായി കലയന്താനി കാഴ്ചകൾ എന്ന ഫേസ്ബുക്ക് പേജ്. സോഷ്യൽ മീഡിയയിൽ വന്ന ഒരു സർക്കാൻ ഉത്തരവിന്റെ കോപ്പി വസ്തുത കൃത്യമായി പരിശോധിക്കാതെ പേജിൽ കൊടുക്കാനിടയായതിലും അതുമൂലം മന്ത്രി ബാലഗോപാലിനുണ്ടായ മാനഹാനിയിലും നിർവ്യാജം ഖേദിക്കുന്നുവെന്നാണ് കുറിപ്പ്. ഭാവിയിൽ ഇത്തരം വാർത്തകളോ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ വിമർശനങ്ങളോ കുറിപ്പുകളോ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളോ പോസ്റ്റു ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നതായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന മറ്റുള്ളവരുടെ വിമർശന കുറിപ്പുകളോ സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ വസ്തുത ഉറപ്പ് വരുത്താതെ പേജിൽ കൊടുക്കുന്നത് ഒഴിവാക്കുമെന്നും തെറ്റിദ്ധാരണാജനകമായ കുറിപ്പ് മൂലം മന്ത്രിക്കുണ്ടായ മാനഹാനിയിൽ ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റെന്ന് ചൂണ്ടിക്കാട്ടി. ഒരുവർഷമായി പലരീതിയിൽ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാൽ സാധാരണക്കാർ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നുണപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
