നിയമന ക്രമക്കേട്: വിവരാവകാശ രേഖകൾ കൈമാറാനാവില്ലെന്ന് പി.എസ്.സി
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം കൈമാറാനാവില്ലെന്ന് പി.എസ്.സി വ്യക്തമാക്കി. രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് പി.എസ്.സിയുടെ തീരുമാനം.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ രേഖകൾ ഹാജരാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ നിർദേശം. പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണനാണ് ഇതുസംബന്ധിച്ച് കമ്മീഷനെ സമീപിച്ചത്.
സംസ്ഥാന പ്ലാനിങ് ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. പരീക്ഷയിൽ മൂന്നും അഞ്ചും റാങ്കുകൾ നേടിയ ഉദ്യോഗാർഥികൾ മാർക്ക് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസുകളുടെ പകർപ്പ് വാങ്ങിയപ്പോഴാണ് ഗുരുതരമായ വീഴ്ച പുറത്തുവന്നത്.
100 മാർക്കുള്ള പരീക്ഷയിൽ 58 മാർക്ക് വരുന്ന പത്ത് വിവരണാത്മക ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്നാണ് കണ്ടെത്തൽ. ഉത്തരക്കടലാസുകൾ ഓൺ-സ്‌ക്രീൻ മാർക്കിങ് സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് പി.എസ്.സി വിശദീകരിക്കുന്നു.
പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെയും ഈ 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയത്തിന് വിധേയമായിരുന്നില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. ഇത്രയും വലിയ മാർക്ക് പരിഗണിക്കാതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഒന്നാം റാങ്കുകാരന് ഇതിനോടകം നിയമനം നൽകിയതുമാണ് വിവാദത്തിന് വഴിവെച്ചത്.
സംഭവത്തിൽ ക്രമക്കേട് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും പി.എസ്.സിക്ക് കത്ത് നൽകിയിട്ടുണ്ട്.
