പമ്പാതീരത്ത് വഞ്ചിപ്പാട്ടിന്റെ ആരവം: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ആവേശകരമായ തുടക്കം

  1. Home
  2. Kerala

പമ്പാതീരത്ത് വഞ്ചിപ്പാട്ടിന്റെ ആരവം: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ആവേശകരമായ തുടക്കം

uttratathi vallamkali


ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാനദിയിൽ ആവേശകരമായ തുടക്കമായി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മത്സരങ്ങൾക്കും തുടക്കമായി. അവിസ്മരണീയമായ ജലമേള നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് പമ്പാതീരത്ത് തടിച്ചുകൂടിയത്.

ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ കൃഷ്ണവേഷം കെട്ടിയ ബാലനും തുഴച്ചിൽക്കാരും മങ്ങാട്ട് മഠത്തിലെ കാരണവന്മാരും അടങ്ങുന്ന സംഘം സഞ്ചരിച്ച തിരുവോണത്തോണി പമ്പയിലൂടെ ആദ്യം തുഴഞ്ഞുപോയി. ആർപ്പുവിളികളോടെയാണ് ഇരുകരകളിലും നിന്ന ജനങ്ങൾ തിരുവോണത്തോണിയെ വരവേറ്റത്.

വേലകളി വേഷധാരികളും മോഹിനിയാട്ടം അവതരിപ്പിക്കുന്ന കുട്ടികളും പ്രത്യേകം തയ്യാറാക്കിയ ചെങ്ങാടങ്ങളിൽ അണിനിരന്നത് ജലഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഇത്തവണ 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ഇവയെ എ ബാച്ചിൽ 35, ബി ബാച്ചിൽ 16 എന്നിങ്ങനെ തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.