മഴയെ തുടർന്ന് മാറ്റിവച്ച ആറന്മുള വള്ളസദ്യ നാളെ പുനരാരംഭിക്കും
കനത്ത മഴയെ തുടർന്ന് മാറ്റിവച്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ നാളെ പുനരാരംഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന വള്ളസദ്യയാണ് ശക്തമായ മഴയെ തുടർന്ന് ഒഴിവാക്കിയിരുന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി ചടങ്ങ് മാത്രമായാണ് വള്ളസദ്യ നടത്തിയത്. പള്ളിയോടങ്ങൾ പമ്പയിലിറക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ജൂലൈ 19നാണ് തുടക്കമായത്. ആദ്യദിവസം 10 പള്ളിയോടങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. സെപ്റ്റംബർ 16 വരെയാണ് ഈ വർഷത്തെ വള്ളസദ്യ നടക്കുന്നത്.
51 പള്ളിയോടങ്ങൾക്കായാണ് ഇത്തവണ വള്ളസദ്യ ഒരുക്കിയിരിക്കുന്നത്. ഇല ഒന്നിന് 300 രൂപ നിരക്കിൽ ഓൺലൈനായി ബുക്ക് ചെയ്ത് പ്രത്യേക പാസ് എടുത്ത് വള്ളസദ്യയിൽ പങ്കെടുക്കാം.
സെപ്റ്റംബർ നാലിന് അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ നടക്കും. ആറന്മുള ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 30നാണ് നടക്കുക.
