'മുസ്ലീമാണോ..?', എങ്കിൽ വാടകവീടില്ല; ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു; കുറിപ്പ്

  1. Home
  2. Kerala

'മുസ്ലീമാണോ..?', എങ്കിൽ വാടകവീടില്ല; ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു; കുറിപ്പ്

RENT

കളമശ്ശേരിയിലെ ഹൗസിംഗ് കോളനിയിൽ മുസ്ലീങ്ങൾക്ക് വീട് വാടകയ്ക്ക് ലഭിക്കുന്നില്ല എന്ന് പരാതി. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പിവി ഷാജി കുമാറാണ് കഴിഞ്ഞദിവസം താൻ നേരിട്ട് അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. കളമശ്ശേരിയിൽ ഒരു ഹൗസിംഗ് കോളനിയിൽ വീട് അന്വേഷിച്ചു പോയപ്പോൾ മുസ്ലിം ആണോ എന്നും മുസ്ലിങ്ങൾക്ക് വീട് നൽകരുതെന്നാണ് ഉടമയുടെ നിർദേശം എന്നും ബ്രോക്കർ പറഞ്ഞതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി. 
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
“പേരേന്താ..?”
“ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
“മുസ്ലീമാണോ..?”- അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ ചുരുക്ക് രൂപമാണിത്. 

നിരവധി പേരാണ് ഇതിനോടകം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് അതേസമയം കേരളത്തിനകത്തും പുറത്തും ഇത്തരത്തിൽ മുസ്ലിം പേരായതിനാൽ വീട് കിട്ടാത്ത അവസ്ഥയുണ്ടായി എന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിൽ വരുന്നുണ്ട്

കുറിപ്പ് പൂർണരൂപം

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി. 
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
“പേരേന്താ..?”
“ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
“മുസ്ലീമാണോ..?”
ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
“ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”
“ഓ... ഓണർ എന്ത് ചെയ്യുന്നു..”
“ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”
“ബെസ്റ്റ്..”
ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്. 
ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ.. 
മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്...
“എനിക്ക് വീട് വേണ്ട ചേട്ടാ...”
ഞാൻ ഇറങ്ങുന്നു. 
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു..."