അർജന്റീന കേരളത്തിൽ വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ
ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ (AFA) സ്പോൺസർമാർ അന്താരാഷ്ട്ര കായിക കോടതിയെ (CAS) സമീപിച്ചു. സർക്കാരിന് വേണ്ടി മത്സരത്തിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്ത റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് സ്വിറ്റ്സർലൻഡിലെ ലൂസെയ്ൻ ആസ്ഥാനമായ അന്താരാഷ്ട്ര കായികതർക്കപരിഹാര കോടതിയിൽ ഹർജി നൽകിയത്.
മുൻകൂറായി നൽകിയ തുകയും പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ 500 കോടിയോളം രൂപ എ.എഫ്.എ തിരികെ നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മെസ്സിയും സംഘവും കേരളത്തിലെത്തുന്നതിനായി ആവശ്യപ്പെട്ട 330 കോടി രൂപ രണ്ട് ഗഡുക്കളായി (140 കോടി, 190 കോടി) പൂർണ്ണമായി കൈമാറിയിട്ടും ടീം എത്തിയില്ലെന്ന് സ്പോൺസർമാർ ആരോപിക്കുന്നു.
കലൂർ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ കാരണം ആദ്യം നവംബറിൽ നിശ്ചയിച്ചിരുന്ന മത്സരം മാർച്ചിലേക്ക് മാറ്റിയെങ്കിലും ടീം എത്തിയിരുന്നില്ല. ഭീമമായ തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചതിനെതിരെ അന്താരാഷ്ട്ര അഭിഭാഷകർ മുഖേനയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കോടതി വിധി വന്ന ശേഷമായിരിക്കും തുടർനടപടികളെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വൈസ് ചെയർമാൻ ജോസ് കുട്ടി അഗസ്റ്റിൻ വ്യക്തമാക്കി.
