അർജന്റീന ടീമിനെ എത്തിക്കാൻ ശ്രമിച്ചത് നടപടിക്രമങ്ങൾ പാലിച്ച്; സർക്കാരിന് നഷ്ടമില്ലെന്ന് വി. അബ്ദുറഹിമാൻ
അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം കേരളത്തിൽ സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഈ വിഷയത്തിൽ ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത്. ഈ കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ലെന്നും വാർത്താകുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.
കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്. സ്പോൺസർക്ക് പണമടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോൺസർ എ.എഫ്.എയ്ക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും മുൻ മന്ത്രി പറഞ്ഞു. അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരവുമാണ്.
സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് വിദേശ സർക്കാരുകളുമായി സഹകരിച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് ഇൗ പ്രവർത്തനങ്ങളുടെ ഭാഗമായാണ്. കായിക പ്രേമികൾക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാൻ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിലേക്ക് കടന്നുവരുന്നവർക്കും വലിയ ആവേശം സമ്മാനിക്കാൻ ഈ മത്സരത്തിന് സാധിക്കുമായിരുന്നു -അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് അർജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്പോൺസറാകാൻ താൽപ്പര്യം അറിയിച്ച് രണ്ട് സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്പോൺസറായി നിശ്ചയിച്ചവർ വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്ന് പിന്നീട് താൽപ്പര്യം അറിയിച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി നിശ്ചയിക്കുകയും അവർ എ.എഫ്.എ യുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു.
മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്പോൺസറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ വരുന്ന വിവരം എ.എഫ്.എ ഒൗദ്യോഗികമായും അവരുടെ സാമൂഹ്യമാധ്യമത്തിലൂടെയും പ്രഖ്യാപിച്ചതാണെന്നും മുൻ കായികമന്ത്രി വ്യക്തമാക്കി. ഏതൊരു രാജ്യത്തെയും കായികമേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ തികച്ചും സ്വകാര്യമായ സംഘടനകളാണ്. അവരുമായി സർക്കാർ നേരിട്ട് കരാറിലോർപ്പെടുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ടാണ് സ്വകാര്യ സ്പോൺസറെ കണ്ടെത്തിയത്. എഎഫ്എയ്ക്കും അത്തരത്തിൽ ഒരു സ്പോൺസറെയാണ് താൽപ്പര്യമെന്ന് അറിയിച്ചിരുന്നു. അതത് സമയത്തെ കായികവകുപ്പ് സെക്രട്ടറി, കായിക ഡയറക്ടർഎന്നിവരുമായി ചേർന്ന് ചർച്ച നടത്തിയ ശേഷം, അവർ മുഖേനയാണ് എ.എഫ് എ യുമായി ആശയവിനിമയം നടത്തിയത്. എഎഫ്.എ യുമായി ഓൺലൈനായി നടന്ന ആശയവിനിമയങ്ങളെ തുടർന്നാണ് സ്പെയ്നിലെ മാഡ്രിഡിൽ വെച്ച് അവരുമായി ചർച്ച നടത്തിയത്. ഈ സന്ദർശനത്തെ തുടർന്നാണ് എഎഫ്.എ യും സ്പോൺസറും കരാറിൽ ഏർപ്പെട്ടത്. അർജന്റീന സോക്കർ സ്‌കൂളുകൾ കേരളത്തിൽ തുടങ്ങുക, കായികപരിശീലന അക്കാദമികൾ ആരംഭിക്കുക, നമ്മുടെ കോച്ചുമാർക്ക് പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങളും ചർച്ചയുടെ ഭാഗമായി പരിഗണനയിലുണ്ടായിരുന്നു -അബ്ദുറഹിമാൻ പറഞ്ഞു.
അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല ഈ സന്ദർശനം. ലോക ക്ലബ് ഫുട്ബോളിൽ ഒന്നാമതുള്ള സ്പെയ്നിലെ ലാ ലിഗ, സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിക്കുന്നതിനും ചർച്ചകൾ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസനം, സ്പോർട്സ് സയൻസ്, സ്പോർട്സ് റിസർച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്പോർട്സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്ബോൾ, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചർച്ച നടത്തിയതെന്നും മന്ത്രി പറഞ്ഞു. 2023-ൽ സംസ്ഥാനം കൊണ്ടുവന്ന കായികനയത്തിലെ പ്രധാന നിർദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. നിയമസഭ അംഗീകരിച്ച 2025–-26 ബജറ്റിലെ പ്ലാൻ റെറ്റപ്പ് പ്രകാരം കായികവികസന നിധി എന്ന ഹെഡ്ഡിൽ വിദേശ സഹകരണത്തിന് ഉൾപ്പെടെ ചെലവഴിക്കാൻ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു.
കഴിഞ്ഞ സർക്കാർ ഇറ്റലി, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്, ക്യൂബ എന്നീ രാജ്യങ്ങളുമായി വിവിധ കായികസഹകരണ പരിപാടികൾ നടപ്പാക്കിയിരുന്നു. ക്യൂബയുമായി സഹകരിച്ച് 2024 ൽ ചെ സ്മാരക ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. നെതർലൻഡ്‌സ് ഫുട്‌ബോൾ അസോസിയേഷനും നെതർലൻഡ്‌സിലെ ബൊവ്‌ലാൻഡർ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്‌ബോൾ, ഹോക്കി പരിശീലന പദ്ധതി നടപ്പാക്കി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി പ്രകാരം പരിശീലകർക്കുള്ള പരിശീലനം നടന്നു. ഇറ്റലിയിലെ എസി മിലാനുമായി ചേർന്ന് ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഫുട്‌ബോൾ അക്കാദമി കൊണ്ടുവന്നു. ജിസിഡിഎ സർക്കാരിന് നൽകിയ കത്ത് പ്രകാരമാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി സർക്കാർ പിഎസ്‌യു ആയ സ്‌പോർട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാൻ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയം സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികളുടെ സാമ്പത്തിക ഉത്തരവാദിത്തം സ്‌പോൺസർ നിർവഹിക്കണമെന്ന് തീരുമാനിച്ചിരുന്നു. സ്റ്റേഡിയത്തിന്മേൽ ഒരവകാശവും സ്‌പോൺസർക്ക് നൽകിയില്ല. സ്റ്റേഡിയം ആർക്കും കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കിയതാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.
അധികാരമേറി മൂന്ന് മാസത്തിനകം തന്നെ, കാലവർഷക്കെടുതി അടക്കമുള്ള വിഷയങ്ങൾ നേരിടുന്നതിൽ പരാജയപ്പെടുകയും സംഘപരിവാറിന്റെ അജണ്ടകൾ നടപ്പാക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്നത് ജനങ്ങൾക്ക് ബോധ്യമാവുകയും ചെയ്‌തതിന്റെ നാണക്കേട് മറയ്‌ക്കാൻ കഴിഞ്ഞ സർക്കാരിനെതിരെ വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണെന്ന് വി. അബ്ദുറഹിമാൻ പറഞ്ഞു. മെസിയുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ ജനശ്രദ്ധ നേടും എന്നതിനാൽ അത് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ഉയർത്തിയ ഇൗ ആരോപണങ്ങൾക്കെല്ലാം അന്ന് തന്നെ മറുപടി നൽകിയതാണ്. ഇടതുപക്ഷത്തിനെതിരായ കൃത്യമായ അജണ്ടയോടെ തയ്യാറാക്കുന്ന ഇൗ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വി .അബ്ദുറഹിമാൻ പറഞ്ഞു.
