മര്യാദയ്ക്ക് സംസാരിക്കണം എന്ന് അഭിഭാഷകൻ, 'നീ പോടാ' എന്ന് എസ് ഐ; പൊലീസ് സ്റ്റേഷനിൽ തർക്കം, കേസ്

  1. Home
  2. Kerala

മര്യാദയ്ക്ക് സംസാരിക്കണം എന്ന് അഭിഭാഷകൻ, 'നീ പോടാ' എന്ന് എസ് ഐ; പൊലീസ് സ്റ്റേഷനിൽ തർക്കം, കേസ്

police


പൊലീസ് സ്റ്റേഷനിൽ എസ്.ഐയുമായി വാക്കുതർക്കത്തിലേർപ്പെട്ട അഭിഭാഷകനെതിരെ പൊലീസ് കേസ്. അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തത്. 

ആലത്തൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. നാലാംതീയതിയായിരുന്നു വഴക്കുണ്ടായത്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയതായിരുന്നു അഭിഭാഷകൻ. ഇതിനിടെ ആലത്തൂർ എസ്.ഐ റിനീഷുമായി അക്വിബ് രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കോടതി ഉത്തരവ് പരിശോധിക്കണമെന്നും ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനൽകാനാവില്ല എന്നുമാണ് പൊലീസ് വാദം. തുടർന്ന് വണ്ടി വിട്ടുതരാതിരിക്കാൻ പറ്റില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെയാണ് എടോ, പോടോ വിളികളും കൈചൂണ്ടി ഭീഷണിയും മറ്റുമായി സംസാരം മാറിയത്. നീയാരായാലും ഷോ കാണിക്കേണ്ടെന്ന് എസ് ഐ പറയുന്നുണ്ട്. ഇതിനിടെ നീ പോടായെന്ന് എസ് ഐ പലവട്ടം പറഞ്ഞതായി അഭിഭാഷകൻ ആരോപിച്ചു. മര്യാദയ്ക്ക് സംസാരിക്കണമെന്നും അഭിഭാഷകൻ താക്കീത് ചെയ്തു. വാഹനം വിട്ടുതരില്ലെന്ന് പൊലീസ് ഉറപ്പിച്ച് പറഞ്ഞതോടെ ചീറ്റൂർ കോടതിയിൽ അഭിഭാഷകൻ പുന:പരിശോധന ഹർജിനൽകി.