അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കണം; കളക്ട്രേറ്റിന് മുന്നില്‍ ധർണ നടത്തി ഫാൻസ്

അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ ധര്‍ണ നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അരിക്കൊമ്പന്‍ ഫാൻസ്. അരിക്കൊമ്പനെ തിരികെ അതിന്റെ ആവാസവ്യവസ്ഥയായ ചിന്നക്കനാലിലേക്ക് തന്നെ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. അരിക്കൊമ്പനെക്കുറിച്ചുള്ള യാതൊരു വിവരവും ഇപ്പോള്‍ പുറത്തുവരുന്നില്ലെന്ന് ആരോപിച്ച സമരക്കാര്‍, ചിന്നക്കനാലിലെ ആളുകളെ പുനഃരധിവസിപ്പിക്കാനുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പറഞ്ഞു.
ജനവാസമേഖലയില്‍ ഇറങ്ങി അക്രമം പതിവായതോടെയാണ് കഴിഞ്ഞ ഏപ്രില്‍ 29ന് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. പിന്നീട് ഇവിടെനിന്ന് കമ്പം ടൗണില്‍ ഇറങ്ങിയ ആനയെ, ജൂണ്‍ അഞ്ചിന് തമിഴ്നാട് വനംവകുപ്പ് വീണ്ടും മയക്കുവെടിവച്ച് പിടികൂടിയിരുന്നു. ശേഷം ആനയെ കളക്കാട് മുണ്ടന്‍തുറ ടൈഗര്‍ റിസര്‍വില്‍ വിട്ടു. അരിക്കൊമ്പന്‍ ഇവിടെ സുരക്ഷിതനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിരുന്നു.