അർജുൻ പാണ്ഡ്യൻ കാസർകോട് കലക്ടർ; തൃശൂരിൽ പുതിയ കലക്ടറായി ശിഖ സുരേന്ദ്രൻ

  1. Home
  2. Kerala

അർജുൻ പാണ്ഡ്യൻ കാസർകോട് കലക്ടർ; തൃശൂരിൽ പുതിയ കലക്ടറായി ശിഖ സുരേന്ദ്രൻ

arjun pandyan


സംസ്ഥാനത്തെ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറക്കി. തൃശൂർ ജില്ല കലക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ കാസർകോട് കലക്ടറായി നിയമിച്ചു. നിലവിലെ കാസർകോട് കലക്ടർ കെ. ഇമ്പശേഖറിനെ മാറ്റി നിയമിച്ചെങ്കിലും പുതിയ ചുമതല ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ടൂറിസം ഡയറക്ടറായിരുന്ന ശിഖ സുരേന്ദ്രനാണ് തൃശൂരിലെ പുതിയ കലക്ടർ.

കടുത്ത സാമ്പത്തിക പ്രതിസന്ധികളോട് പൊരുതി സിവിൽ സർവീസ് നേടിയ വ്യക്തിയാണ് 2017 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ. ഇടുക്കിയിലെ ഏലപ്പാറ സ്വദേശിയായ അദ്ദേഹം തേയിലച്ചാക്ക് ചുമന്നും ട്യൂഷൻ എടുത്തുമാണ് പഠനത്തിനുള്ള പണം കണ്ടെത്തിയത്. ഔദ്യോഗിക ജീവിതത്തിന് പുറമെ പർവതാരോഹണത്തിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ കിളിമഞ്ചാരോ, യൂറോപ്പിലെ എൽബ്രസ് കൊടുമുടികൾ കീഴടക്കിയ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. 2024–25 വർഷത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ മികച്ച കലക്ടർക്കുള്ള പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.