കന്നിയങ്കത്തിൽ പുന്നമടയിൽ ചരിത്രം കുറിച്ച് അരോമ ചുണ്ടൻ; ജലരാജാക്കന്മാരായി കൊല്ലത്തിന്റെ പടക്കുതിരകൾ

  1. Home
  2. Kerala

കന്നിയങ്കത്തിൽ പുന്നമടയിൽ ചരിത്രം കുറിച്ച് അരോമ ചുണ്ടൻ; ജലരാജാക്കന്മാരായി കൊല്ലത്തിന്റെ പടക്കുതിരകൾ

aroma chundan


ആവേശം അണപൊട്ടിയ 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ പുന്നമട കായലിന്റെ പുതിയ രാജാക്കന്മാരായി അരോമ ചുണ്ടൻ. കന്നിയങ്കത്തിൽ തന്നെ കിരീടത്തിൽ മുത്തമിട്ട് അരോമ പുന്നമടയിൽ പുതിയ ചരിത്രം കുറിച്ചു. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു ടീം ട്രോഫി സ്വന്തമാക്കുന്നത്.

അവസാന നിമിഷം വരെ നെഞ്ചിടിപ്പേറിയ ഫോട്ടോ ഫിനിഷിൽ, 4 മിനിറ്റ് 23.328 സെക്കൻഡ് എന്ന മിന്നൽ വേഗതയിൽ ഫിനിഷിങ് പോയിന്റ് തൊട്ടാണ് അരോമ ജലകിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കരുത്തരായ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കും, നിലവിലെ ചാമ്പ്യന്മാരായ വീയപുരം ചുണ്ടനെ മൂന്നാം സ്ഥാനത്തേക്കും തള്ളിയാണ് അരോമയുടെ ചരിത്ര വിജയം. കഴിഞ്ഞ ചമ്പക്കുളം മൂലം വള്ളംകളിയിലും അരോമ കിരീടം ചൂടിയിരുന്നു.

22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ പുന്നമടയിൽ മാറ്റുരച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഷാനിമോൾ ഉസ്മാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.