സൗജന്യ ചികിത്സാ പദ്ധതികളിലെ കുടിശ്ശിക കൂടുന്നു; ആരോഗ്യസുരക്ഷാപദ്ധതിയിൽ മാത്രം നൽകാനുള്ളത് 1128 കോടിയിലേറെ

  1. Home
  2. Kerala

സൗജന്യ ചികിത്സാ പദ്ധതികളിലെ കുടിശ്ശിക കൂടുന്നു; ആരോഗ്യസുരക്ഷാപദ്ധതിയിൽ മാത്രം നൽകാനുള്ളത് 1128 കോടിയിലേറെ

medical


സംസ്ഥാനത്ത് സൗജന്യ ചികിത്സാ പദ്ധതികളിൽ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക കൂടുന്നു. കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിൽ (കാസ്പ്) മാത്രം ആശുപത്രികൾക്ക് 1128 കോടിയിലേറെ നൽകാനുണ്ട്. ബില്ലുകൾ പരിശോധിച്ച് അംഗീകാരം നൽകിയ തുകയാണിത്. അംഗീകാരം നൽകാനുള്ള ബില്ലുകളും കൂട്ടിയാൽ കുടിശ്ശിക ഉയരും. കാരുണ്യ ലോട്ടറി വരുമാനം ഉപയോഗിച്ച് നടത്തിയിരുന്ന കാരുണ്യപദ്ധതിയുടെ കുടിശ്ശിക 189 കോടിയായി.

പണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ചനടത്തിയെങ്കിലും ധാരണയിലെത്തിയില്ല. കുടിശ്ശിക എന്നുനൽകുമെന്ന് സർക്കാരിന് വ്യക്തതയുമില്ലെന്ന് അവർ പറഞ്ഞു. പദ്ധതി നടത്തുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് ആശുപത്രികൾക്ക് പണം നൽകേണ്ടത്.

അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചു. സർക്കാരിന്റെ അഭ്യർഥന മാനിക്കുന്നതിനാൽ സൗജന്യചികിത്സകൾ തത്കാലം നിർത്തിവെക്കേണ്ടെന്നാണ് തീരുമാനം.
കേന്ദ്രവിഹിതംകൂടി ഉപയോഗിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ എം പാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾക്ക് 269,07,97,307 രൂപയും സർക്കാർ ആശുപത്രികൾക്ക് 859,61,18,856 രൂപയും നൽകാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 

അംഗീകരിക്കാനുള്ള ബില്ലുകളിലെ കുടിശ്ശിക 400 കോടിയിലേറെ വരും. ബി.പി.എലുകാർ അടക്കം 42 ലക്ഷം കുടുംബങ്ങൾ കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിൽ ഗുണഭോക്താക്കളാണ്.

ബി.പി.എലുകാർക്കുള്ള വിഹിതമാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ പണം നൽകാൻ സംസ്ഥാനസർക്കാർ മടിക്കുമ്പോഴും അനുവദനീയമായ 151.33 കോടി കേന്ദ്രവിഹിതം ഈവർഷം സംസ്ഥാന സർക്കാർ കൈപ്പറ്റിയിട്ടുണ്ട്. അർഹരായ കുടുംബങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ വഴി വർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം നൽകുന്ന പദ്ധതിയാണിത്.