'ക്ലാസിക്കൽ കലയിൽ എന്നും 'വെളുത്തവരുടെ' കുത്തക, അരങ്ങുകൾ കീഴടക്കി സത്യഭാമയെപ്പോലുള്ളവർക്കു മറുപടി നൽകണം'; വെള്ളാപ്പള്ളി

  1. Home
  2. Kerala

'ക്ലാസിക്കൽ കലയിൽ എന്നും 'വെളുത്തവരുടെ' കുത്തക, അരങ്ങുകൾ കീഴടക്കി സത്യഭാമയെപ്പോലുള്ളവർക്കു മറുപടി നൽകണം'; വെള്ളാപ്പള്ളി

VELLAPPALLI


കലാമേഖലയിൽ എക്കാലത്തും 'വെളുത്തവരുടെ' കുത്തകയായിരുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവിടെ സ്വന്തം മിടുക്കും അഭിനിവേശവും സമർപ്പണവും കൊണ്ടുമാത്രമാണ് കാക്കയെപ്പോലെയും അല്പം കുറഞ്ഞും നിറമുള്ള ചിലർ കടന്നുകയറിയിട്ടുള്ളത്. അവർക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടുന്ന പതിവുമില്ല. സംഘടനയുടെ പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

കലാമണ്ഡലം ഹൈദരലിയെന്ന വിശ്വപ്രസിദ്ധ കഥകളി സംഗീതജ്ഞൻ കലാമണ്ഡലത്തിൽനിന്നു നേരിട്ട വിവേചനങ്ങൾ പലവട്ടം പറഞ്ഞിട്ടുണ്ട്. അമ്പലവാസികളല്ലാത്ത മേളക്കാരും സോപാന സംഗീതജ്ഞരും ഇന്നും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾക്കു പുറത്താണ് കലാവൈഭവം അവതരിപ്പിക്കുന്നത്. കലാവേദികൾ കറുത്തവരുടേതു കൂടിയാണ്. കുഷ്ഠം ബാധിച്ച മനസ്സുകളാണ് മനുഷ്യന്റെ വർണവും ജാതിയും പണവും തേടിനടക്കുന്നത്. വർണവിവേചനത്തിന്റെയും ജാതിവെറിയുടെയും കാര്യത്തിൽ മലയാളികളോളം കാപട്യമുള്ള മറ്റൊരു ജനസമൂഹമില്ലെന്നും 'കറുപ്പെന്ന സത്യം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

പട്ടികജാതിക്കാരനും കറുത്തനിറമുള്ളയാളുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ പരോക്ഷമായി, പറയാതെപറഞ്ഞ് നിറത്തിന്റെ പേരിൽ നൃത്താധ്യാപിക സത്യഭാമ അപഹസിച്ചതിൽ ആശ്ചര്യപ്പെടേണ്ട കാര്യവുമില്ല. ഒരു കറുത്തസത്യം അറിഞ്ഞോ അറിയാതെയോ പറഞ്ഞെന്നേയുള്ളൂ.

കറുത്തവന് അടുക്കളപ്പുറത്തെ മുറ്റത്ത് കുഴികുത്തി ചേമ്പിലയിട്ട് കഞ്ഞിവിളമ്പിയ പാരമ്പര്യമുള്ള നാടാണു കേരളം. അതിൽ മേനിപറഞ്ഞ് നടക്കുന്നവർ ഇപ്പോഴും ഇവിടെയുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പായിരുന്നില്ലെങ്കിൽ ഒരുപക്ഷേ, ഈ ആചാരം ഇന്നും നിലനിന്നേനെ.

നവോത്ഥാന നായകർ ജീവനും ജീവിതവും നൽകി നേടിയെടുത്ത മൂല്യങ്ങൾ അപ്രസക്തമാകുന്ന കാഴ്ചകളാണു കേരളം കാണുന്നത്. അതിന്റെ പുതിയ ഉദാഹരണം മാത്രമാണ് സത്യഭാമയുടെ ജല്പനങ്ങൾ. അവരെ പ്രസവിച്ച തള്ളപോലും ആ വാക്കുകൾ അംഗീകരിക്കുമോയെന്നു സംശയമാണ്.

കറുത്ത കലാകാരന്മാർ കഴിവും ആത്മസമർപ്പണവും കൊണ്ട് മുന്നിലേക്കെത്തണമെന്നും അരങ്ങുകൾ കീഴടക്കി സത്യഭാമയെപ്പോലുള്ളവർക്കു മറുപടി നൽകണമെന്നും മുഖപ്രസംഗം നിർദേശിക്കുന്നു.