തര്‍ക്കം ഒതുക്കലല്ല, ഇടപെട്ട് തീര്‍ക്കുകയാണ് വേണ്ടതെന്ന് ആര്യടൻ ഷൗക്കത്ത്; കെ.പി.സി സി യോ​ഗത്തിൽ പൊട്ടിത്തെറിച്ചു

  1. Home
  2. Kerala

തര്‍ക്കം ഒതുക്കലല്ല, ഇടപെട്ട് തീര്‍ക്കുകയാണ് വേണ്ടതെന്ന് ആര്യടൻ ഷൗക്കത്ത്; കെ.പി.സി സി യോ​ഗത്തിൽ പൊട്ടിത്തെറിച്ചു

aryadan shavukath


കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ പൊട്ടിത്തെറിച്ച് ആര്യാടന്‍ ഷൗക്കത്ത്. തര്‍ക്കം ഒതുക്കലല്ല, ഇടപെട്ട് തീര്‍ക്കുകയാണ് വേണ്ടതെന്നും സംഘടനാപരമായ ഉത്തരവാദിത്വം മലപ്പുറത്ത് നേതാക്കള്‍ കാണിക്കുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. അദ്ദേഹം പറയുന്നതിനെ എതിര്‍ത്ത് പി.എം. നിയാസ് എഴുന്നേറ്റ് സംസാരിച്ചപ്പോള്‍, പറയാനുള്ളത് പറഞ്ഞുതന്നെ പോകുമെന്ന് ഷൗക്കത്ത് ആഞ്ഞടിച്ചു.

നേതൃത്വം ഏകകണ്ഠമായി നിശ്ചയിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക മലപ്പുറത്ത് ഏകപക്ഷീയമായി മാറ്റിയത് ആരാണെന്ന് ഷൗക്കത്ത് ചോദിച്ചു. എല്ലാം ശരിയാക്കാമെന്ന് നേതാക്കള്‍ പറഞ്ഞതല്ലാതെ ഒന്നും നടന്നിട്ടില്ല. ഇതില്‍ പരിഹാരമുണ്ടാക്കേണ്ടിയിരുന്നെന്ന് ഷൗക്കത്ത് പറഞ്ഞു. ഷൗക്കത്ത് പറയുന്നതല്ല ശരിയെന്ന് പറഞ്ഞായിരുന്നു നിയാസ് ഇടപെട്ടത്. തര്‍ക്കമായപ്പോള്‍, രണ്ടുപേരും നിര്‍ത്തണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

മലപ്പുറത്തെ തര്‍ക്കത്തില്‍ ഇടപെട്ടതാണെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ച് തിരുത്തല്‍ നടപടിയുണ്ടാകണമെന്ന് വ്യക്തമാക്കിയതാണെന്നും സുധാകരന്‍ വിശദീകരിച്ചു. പ്രസിഡന്റ് സംസാരം തടയുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പറയാനുള്ളത് യോഗത്തിലല്ലേ പറയേണ്ടത്. അതുകൊണ്ട് ഷൗക്കത്ത് പറയട്ടേയെന്നും ഷാഫി പറഞ്ഞു. ഇതോടെ, ഷൗക്കത്ത് സംസാരം തുടര്‍ന്നു. എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ദീപ ദാസ്മുന്‍ഷിയുടെ സാനിധ്യത്തിലായിരുന്നു ഇതെല്ലാം. ഷൗക്കത്തിന്റെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും പരാതി താന്‍ പരിശോധിക്കുമെന്നും ദീപ അറിയിച്ചു. എം.പി. എന്നനിലയില്‍ തന്റെ അഭിപ്രായംപോലും പരിഗണിക്കാതെയാണ് ചങ്ങനാശ്ശേരിയില്‍ മണ്ഡലം പുനഃസംഘടന നടത്തിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പരാതിപ്പെട്ടു. ഇതാണ് രീതിയെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു.