'വിമർശനത്തെ സിനിമാരംഗത്തെ സംഭാവനകളുമായി ബന്ധിപ്പിക്കാൻ ശ്രമം': അടൂരിനെ പിന്തുണച്ച് അശോകൻ ചരുവിൽ

  1. Home
  2. Kerala

'വിമർശനത്തെ സിനിമാരംഗത്തെ സംഭാവനകളുമായി ബന്ധിപ്പിക്കാൻ ശ്രമം': അടൂരിനെ പിന്തുണച്ച് അശോകൻ ചരുവിൽ

adoor


കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്യൂട്ടിലെ ശങ്കർ മോഹൻ എന്ന ജാതിവാദി ഡയറക്ടറെ ന്യായീകരിച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനെ വിമർശിക്കാം. പക്ഷേ ആ വിമർശനത്തെ അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സംഭാവനകളുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമിച്ചു കാണുന്നു എന്ന് അശോകൻ ചരുവിൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അതീതരല്ല. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെ. കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്യൂട്ടിലെ ശങ്കർ മോഹൻ എന്ന ജാതിവാദി ഡയറക്ടറെ ന്യായീകരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കാം. പക്ഷേ ആ വിമർശനത്തെ അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സംഭാവനകളുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമിച്ചു കാണുന്നു.  അടൂർ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞാൽ മനസ്സിലാവാത്ത; നല്ല സിനിമകൾ കാണാത്ത കുറെ ഫേസ്ബുക്ക് ജീവികളും വ്യാജരും മാത്രമല്ല, കലാസ്വാദകർ എന്നവകാശപ്പെടുന്നവവരിൽ ചിലരും അദ്ദേഹത്തെ ഇമ്മട്ടിൽ വിമർശിക്കുന്നതായി കാണുന്നു. അടൂരിന് ദേശാഭിമാനി പത്രം പുരസ്‌കാരം നൽകിയതിനെയും വേദിയിൽ അദ്ദേഹത്തിന്റെ സംഭാവനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തേയും ചിലർ വിമർശിക്കുന്നതായി കണ്ടു.

വിമർശകരുടെ കൂട്ടത്തിൽ കൊടിയ വർഗ്ഗീയ രാഷ്ട്രീയക്കാരും ഉണ്ട്. കലാ സാഹിത്യരംഗത്ത് പ്രത്യേകിച്ച് സിനിമയുടെ മേഖലയിൽ നടക്കുന്ന ആർ.എസ്.എസ്. ഭീകരതയെ ശക്തമായി എതിർത്തയാളാണ് അടൂർ. അക്കാലത്ത് സംഘപരിവാർ പ്രൊഫൈലുകൾ തയ്യാറാക്കിയിറക്കിയ അസഭ്യങ്ങൾ വീണ്ടും ഇപ്പോൾ കോപ്പി പേസ്റ്റായി വന്നു നിറയുന്നുണ്ട്. 

ശങ്കർ മോഹനെ ന്യായീകരിച്ചു കൊണ്ട് അടൂർ എന്തു തന്നെ പറഞ്ഞാലും സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം തുടങ്ങിയ സിനിമകളും അവയിൽ നിന്ന് കേരളം സ്വീകരിച്ച നവമനുഷ്യത്വവും ഇല്ലാതാവുകയില്ല. 'ഇന്ദുലേഖ'' നോവലിനും 'ദുരവസ്ഥ' കാവ്യത്തിനും ശേഷം 'എലിപ്പത്തായം' എന്ന സിനിമയാണ് നമ്മുടെ ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്ത വ്യവസ്ഥക്ക് ഉചിതമായ ചരമോപചാരം ചൊല്ലിയത്. സവർണ്ണ ജാതിപ്രമാണിത്തത്തിന്റെ തകർച്ചയെ സങ്കടത്തോടെ കണ്ട് ഗൃഹാതുര ഈരടികൾ ചമയ്ക്കുന്ന ഒരു കാലത്താണ് ആ തകർച്ചയുടെ അനിവാര്യതയെ പ്രഖ്യാപിച്ചു കൊണ്ട് ഒരു സമുന്നത സിനിമയുണ്ടാകുന്നത് എന്ന കാര്യം ഓർക്കണം. പത്രസമ്മേളനത്തിലെ പ്രതികരണത്തിന്റെ പേരിലല്ല കലാകാരനെ അളക്കേണ്ടത്. എഴുത്തുകാരന്റെ പ്രത്യക്ഷ രാഷ്ട്രീയനിലപാടും അവന്റെ കലയും ഒരു വഴിക്കാകണമെന്നില്ല എന്നും ചിലപ്പോൾ നേർവിപരീതമായേക്കാമെന്നുമുള്ള പരമസത്യം മലയാളിയോട് പറഞ്ഞത് ഇ.എം.എസാണ്. അന്ന് പെരുമ്പാവൂരിൽ നടന്ന പുരോഗമന കലാസാഹിത്യ സമ്മേളനം ആ വിഷയം ഗൗരവത്തിൽ ചർച്ച ചെയ്തു. രേഖ തയ്യാറാക്കി. കൃതികളുടെ വെളിച്ചത്തിലാണ് (മാത്രമാണ്) എഴുത്തു/ കലാപ്രവർത്തകരെ പരിഗണിക്കേണ്ടത്. 

'രണ്ടിടങ്ങഴി', 'തോട്ടിയുടെ മകൻ' തുടങ്ങിയ നോവലുകളിലൂടെ അധസ്ഥിത ജനതയുടെ ജീവിതവും സംസ്‌കാരവും ഉദ്‌ഘോഷിച്ച എഴുത്തുകാരനാണ് തകഴി ശിവശങ്കരപിള്ള. കുട്ടനാട്ടിലെ കർഷകത്തൊഴിലാളിക്ക് സംഘം ചേർന്ന് ഭൂവുടമയോട് സമരം ചെയ്യാനുള്ള ആത്മബലം നൽകിയത് അദ്ദേഹത്തിന്റെ രചനകളാണ്. എന്നാൽ ജീവിതസായാഹ്നത്തിൽ തൊഴിലാളികളുടെ സംഘടിതശക്തിയേയും സമരത്തേയും തകഴി വിമർശിച്ചു. പലപ്പോഴും ഭരണവർഗ്ഗത്തിന് അനുകൂലമായി നിന്ന് സംസാരിച്ചു. അന്നു ചിലർ 'പുഷ്പവേലിൽ ശിവശങ്കരപിള്ള' എന്ന് അദ്ദേഹത്തെ വിമർശിച്ചതായി ഓർക്കുന്നു. പക്ഷേ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം അദ്ദേഹത്തെ ആദരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമാണ് ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞത്.

ജീവിതത്തിന്റെ മുക്കാൽ പങ്കും അധികാരപക്ഷത്തോട് ചേർന്നു നിന്ന കവിയാണ് അക്കിത്തം അച്ചുതൻ നമ്പൂതിരി. ജനാധിപത്യത്തെ തുറുങ്കിലടച്ച അടിയന്തിരാവസ്ഥയെ സ്തുതിച്ചു കൊണ്ട് 'ഇരുപതു നക്ഷത്രങ്ങൾ വിടർന്നു ഇന്ത്യേ നിന്റെ വിഹായസ്സിൽ' എന്ന പ്രചരണഗാനം എഴുതിക്കൊടുക്കാൻ അദ്ദേഹത്തിന് മടി തോന്നിയില്ല. ('ഇരുപതു കഴുതകൾ കെട്ടി വലിക്കുന്ന പെരുമന്തുകാലിനെ വാഴ്ത്തി വാഴ്ത്തി.....' എന്നെഴുതിയ കവി എം.കൃഷ്ണൻകുട്ടി അന്ന് ജയിലിലായി.) പിന്നീട് ഒരു ഘട്ടത്തിൽ അക്കിത്തം ആർ.എസ്.എസ്. അനുയായിയായി. സംഘപരിവാർ സംഘടനയായ 'തപസ്യ കലാസാഹിത്യവേദി'യുടെ പ്രസിഡണ്ടായി. ഗുജറാത്തിൽ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് മുസ്ലീം മതസ്ഥരെ നരേന്ദ്രമോദി കൊന്നൊടുക്കിയപ്പോഴും ബാബറി മസ്ജിദ് തകർത്ത കാലത്തും ആ ബന്ധം നിലനിന്നു. പക്ഷേ അതിന്റെ പേരിൽ അക്കിത്തത്തിന്റെ കവിതകളെ ആരെങ്കിലും വിമർശിച്ചതായി അറിവില്ല. 

ലോകപ്രശസ്തമായ തന്റെ കൃതികളിലൂടെ കേരളത്തിനും ഇവിടെ ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ ജനതക്കും വിലമതിക്കാനാവാത്ത സമ്പത്താണ് അടൂർ നൽകിയിട്ടുള്ളത്. വീണ്ടും പറയട്ടെ എഴുത്തു/ കലാകാരനെ/ കാരിയെ പരിഗണിക്കേണ്ടത് കൃതികളെ മുൻനിർത്തിയാണ്.