ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയതിന് ശേഷം മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് നാല് മണി വരെയാണ് കസ്റ്റഡി കാലാവധി.
ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രതികളെ ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ ഏകദേശം 30 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റപത്ര നടപടികൾ ഉൾപ്പെടെ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഇഡി ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു. ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.മെയ് 27-ന് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്കാണ് ആക്രമണം ഉണ്ടായത്.
