നവകേരള യാത്രയ്ക്കിടയിലെ മർദനം: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

  1. Home
  2. Kerala

നവകേരള യാത്രയ്ക്കിടയിലെ മർദനം: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

navakerala yatra


കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നവകേരള യാത്രയ്ക്കിടെ ഉണ്ടായ വിവാദ 'രക്ഷാപ്രവർത്തന'ത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT). ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരായ ഷൈജു, വിപിൻ, അരുൺ എന്നിവരാണ് കേസിലെ പ്രതികൾ.

സി.സി.ടി.വി. ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും ഉൾപ്പെടെ വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് എസ്.ഐ.ടി. മജിസ്‌ട്രേറ്റ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയത്. കോടതി നിർദ്ദേശപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഈ ആദ്യ ഘട്ട റിപ്പോർട്ടിൽ പ്രതികൾക്കെതിരെയുള്ള വകുപ്പുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. തുടർഅന്വേഷണത്തിന് ശേഷമാകും ഇവർക്കെതിരെ കൃത്യമായ കുറ്റപത്രം സമർപ്പിക്കുക. പ്രതികളായ അഞ്ച് പോലീസുകാർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുള്ള ശുപാർശ ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് (DGP) കൈമാറും.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ്, പിണറായി വിജയന്റെ ഗൺമാൻമാർ വാഹനത്തിൽ നിന്നും ഇറങ്ങിവന്ന് ലാത്തികൊണ്ട് ഇവരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനവും തികച്ചും അനാവശ്യമായ പ്രവൃത്തിയുമാണെന്നും ഇത് പോലീസ് സേനയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും അന്നത്തെ ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോൺ മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു. ഇവരെ സുരക്ഷാ ചുമതലയിൽ തുടർന്ന് നിർത്തരുതെന്നും അന്ന് എസ്.പി. റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം, നവകേരള യാത്രയിലെ ഈ അക്രമസംഭവത്തിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റിപ്പോർട്ടുകൾ തിരുത്തിയെന്ന ഗുരുതര ആക്ഷേപവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കാൻ തീരുമാനിച്ചത്.