ഓപ്പറേഷൻ തൂഫാനിടെ പൊലീസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി ലീവിന് നാട്ടിലെത്തിയ സൈനികൻ

  1. Home
  2. Kerala

ഓപ്പറേഷൻ തൂഫാനിടെ പൊലീസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി ലീവിന് നാട്ടിലെത്തിയ സൈനികൻ

crime


ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്നതിനിടെ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ലീവിന് നാട്ടിലെത്തിയ സൈനികനാണെന്ന് പൊലീസ്. മണ്ണാർക്കാട് സ്വദേശി ജിനേഷാണ് കേസിലെ മുഖ്യപ്രതി. റാഞ്ചിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജിനേഷ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.

ധോണിയിൽ ലഹരിക്കടത്ത് തടയുന്നതിനായുള്ള വാഹനപരിശോധനയ്ക്കിടെ കാർ തടഞ്ഞ് പരിശോധിച്ച പൊലീസിനോട് പ്രതികൾ തർക്കത്തിലേർപ്പെടുകയും ആക്രമണം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധന നടത്തിയ എസ്‌ഐ ജോണ്‍ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റിലിരുന്ന ജിനേഷ് എസ്ഐയുടെ മുഖത്തടിക്കുകയും കണ്ണട തകർക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

സംഭവം തടയാൻ ശ്രമിച്ച വനിതാ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇതിനിടെ ഒരു പ്രതി എസ്ഐ ജോൺ സേവ്യറിന്റെ കഴുത്തിൽ ചവിട്ടി ഞെരിച്ചെന്നും പൊലീസ് ആരോപിക്കുന്നു.

ലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം, ജോലി തടസ്സപ്പെടുത്താന്‍, അസഭ്യം പറയല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.