കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്
കണ്ണൂർ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസും കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ഒരു ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ബസിന്റെ ഭാഗങ്ങൾ കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
