കഠിനംകുളം ആതിര കൊലപാതകം ;ആതിര കൂടെ വരാൻ തയ്യാറാവത്തത് കാരണം കൊന്നു; പ്രതിയുടെ മൊഴി പുറത്ത്

  1. Home
  2. Kerala

കഠിനംകുളം ആതിര കൊലപാതകം ;ആതിര കൂടെ വരാൻ തയ്യാറാവത്തത് കാരണം കൊന്നു; പ്രതിയുടെ മൊഴി പുറത്ത്

athira murder


 

കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതി ജോൺസൻ്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി ഡിവൈഎസ്പി പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ലെന്നു ആതിര പറഞ്ഞു. തുടർന്നാണ് ബലം പ്രയോഗിച്ചു കഴുത്തിൽ കുത്തി കൊലപ്പെടുത്തിയതെന്നും ജോൺസൺ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാ‍ര്‍ജ് ചെയ്ത പ്രതിയെ ഇന്ന് തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. 

ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. ജോൺസൻ തന്നെ ഇക്കാര്യം കുടുബത്തോട് പറഞ്ഞിരുന്നു. തുടർന്ന് കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോൺസൻ ഔസേപ്പിനെ ഇന്നലെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൺ. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത് വന്നത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 7 മണിയോടെ പ്രതി മതിൽ ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോൺസന്‍റെ ആവശ്യം. 

തന്‍റെ ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാൻ എത്തിയത്. വീട്ടിൽ എത്തിയ പ്രതിക്ക് ആതിര ചായ ഇട്ടു കൊടുത്തു. ഈ സമയം ജോൺസൺ കയ്യിൽ കരുതിയ കത്തി മുറിക്കുള്ളിലെ കിടക്കയുടെ അടിയിൽ സൂക്ഷിച്ചു. ഇതിനിടെ കുട്ടി ഉണരുകയും ആതിര കുട്ടിയെ ഒരുക്കി സ്കൂളിൽ വിടുകയും ചെയ്തു. ഈ സമയമെല്ലാം പ്രതി വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ സ്കൂളിൽ വിട്ടശേഷം ഭർത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമിൽ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. 

ആതിരയെ കുത്താനുള്ള കത്തി ചിറയിൻകീഴിൽ നിന്നുമാണ് വാങ്ങിയതെന്നാണ് ജോൺസന്‍റെ മൊഴി. കൃത്യം നടത്തുന്നതിനിടയിൽ ജോൺസന്‍റെ കൈയ്ക്കും മുറിവേറ്റിരുന്നു. കൊലപാതക ശേഷം ജോൺസൻറെ ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ഇട്ടാണ് രക്ഷപ്പെട്ടത്. ആതിര തന്‍റെ കൂടെ വരാൻ സമ്മതിക്കാത്തതാണ് കൊലപാതകം നടത്താൻ കാരണം എന്ന് നേരത്തേയും പ്രതി മൊഴി നൽകിയിരുന്നു.