പാനൂരിലെ ആക്രമണം; അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കണ്ണൂർ പാനൂരിൽ നടന്ന അക്രമ സംഭവങ്ങളിൽ അഞ്ച് സി.പി.എം പ്രവർത്തകർ കൂടി പിടിയിലായി. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെ മൈസൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പോലീസ് വാഹനം തകർത്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തി അമ്പതോളം സി.പി.എം പ്രവർത്തകർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ വടിവാളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. ശനിയാഴ്ച വൈകിട്ട് യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ഒരു സംഘം സി.പി.എം പ്രവർത്തകർ വടിവാളുമായി എത്തിയത്. മുസ്‌ലിം ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ, ചിലർക്ക് നേരെ വാൾ വീശുകയും ചെയ്തു. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിച്ചതിന്റെ ഭാഗമായിട്ടായിരുന്നു പാറാട് ടൗണിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചത്. ഇതിനിടയിലേക്ക് വാഹനങ്ങളിൽ എത്തിയ സി.പി.എം പ്രവർത്തകർ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.
