കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസ്; യുവനടി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവനടി അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ ക്രൂരമായി മർദിക്കുകയും ഫോണുകളും വാച്ചും കവരുകയും ചെയ്തുവെന്ന കേസിലാണ് കോടതി നടപടി.
പന്ത്രണ്ടംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് കാണിച്ച് ഡോക്ടർമാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. കേസിൽ നടിയെ കൂടാതെ സുഹൃത്തുക്കളായ ജിതിൻ, വിഷ്ണു എന്നിവരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. കേസിലെ മറ്റ് 11 പേർക്കായി അന്വേഷണം നടന്നു വരികയാണ്. മർദനമേറ്റയാൾ യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നുവെന്നാണ് വിവരം.
അതേസമയം, യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ട ഇയാൾ നിലവിൽ ഒളിവിലാണ്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് നാല്പതിലധികം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
