ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യമില്ല
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ ആദ്യം അറസ്റ്റിലായ നിതിൻ, മനോജ്, ജീവൻ, ഷഹിൻ, ശ്രീജിത്ത് എന്നീ അഞ്ച് പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
കേസിലെ പ്രധാന പ്രതികളാണ് ആദ്യം അറസ്റ്റിലായ ഈ അഞ്ച് പേരും. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിർത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തത് ഇവരുടെ നേതൃത്വത്തിലായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇവരെ സിപിഎം ഓഫീസിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥരെ ചുടുകട്ട കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചതായും ഇഷ്ടികയും കല്ലും കമ്പും ഉപയോഗിച്ച് ആക്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ഇവർ പുറത്തിറങ്ങിയാൽ വീണ്ടും അക്രമ പരമ്പരകൾക്ക് സാധ്യതയുണ്ടെന്നും കാണിച്ച് പ്രൊസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നാൽ, പ്രതികൾക്ക് മേൽ വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നും ഉദ്യോഗസ്ഥർക്ക് ചെറിയ മുറിവുകൾ മാത്രമാണുള്ളതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കൂടാതെ, ആക്രമണം നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഔദ്യോഗിക ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്നും അവർ സഞ്ചരിച്ച വാഹനം സ്വകാര്യ വാഹനമായതിനാൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പരിധിയിൽ വരില്ലെന്നും പ്രതികൾ അവകാശപ്പെട്ടെങ്കിലും കോടതി ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.
അതേസമയം, കേസിൽ ഇന്നലെ രണ്ടാംഘട്ടത്തിൽ അറസ്റ്റിലായ മറ്റ് ആറ് പ്രതികളെ കോടതി ഇന്ന് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപതോളം പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ രണ്ട് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമത്തിന് പിന്നിൽ ആസൂത്രിതമായ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ പോലീസിന് നൽകിയിട്ടുള്ള മൊഴി.
