ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: 'ഭീകരപ്രവർത്തനം'എന്ന് സ്ഥിരീകരിച്ച് യുഎഇ
ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നിൽ ഭീകരാക്രമണ നീക്കമുണ്ടായിരുന്നെന്ന് യുഎഇ സ്ഥിരീകരിച്ചു.സംഭവവുമായി നടത്തിയ അന്വേഷണത്തിൽ സഹപൈലറ്റ് ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയതായി യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.
കോക്‌പിറ്റിനുള്ളിൽ വെച്ച് പൈലറ്റിനെ കോ-പൈലറ്റ് 'ക്രാഷ് ആക്‌സ്' (അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന കോടാലി) ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്‌തു. തൻ്റെ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നു പൈലറ്റിന് നേരെ ആക്രമണം നടത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമമെന്നും ഡോ. ഹമദ് സൈഫ് അൽ ഷംസി വിശദീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും അതിനു പിന്നിലെ ഉദ്ദേശ്യങ്ങളും സംബന്ധിച്ചുള്ള അന്വേഷണം ഇപ്പോഴും തുടുരകയാണ്. ഇതിന് പിന്നിലുള്ള മറ്റു കണ്ണികളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും യുഎഇ പ്രോസിക്യൂട്ടർ പറഞ്ഞു. സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കുന്നതിനൊപ്പം, ഡിജിറ്റൽ തെളിവുകളടക്കം വിശകലനം ചെയ്യുന്ന നടപടികളും അധികൃതർ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഗുരുതരമായ ഭീകരപ്രവർത്തനമെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ബുധനാഴ്‌ച രാവിലെ ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലാണ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങൾ ഉണ്ടായത്. ഇന്ത്യൻ പൗരനായ സ്‌മിത് മച്ചാർ ആയിരുന്നു വിമാനത്തിൻ്റെ ക്യാപ്റ്റൻ. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെങ്കിലും, വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനായി കോക്പിറ്റ് തുറന്നുനൽകിയത് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഇടപെടൽ 182 പേരുടെ ജീവൻ രക്ഷിക്കാൻ നിർണായകമായി
സ്‌മിത് മച്ചാറിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ഇന്ത്യൻ അംബാസഡറും ഫ്ലൈ ദുബായ് അധികൃതരും അറിയിച്ചു. സ്‌മിത് മച്ചാറിൻ്റെ ധീരപ്രവൃത്തിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ അധികൃതരും അനുമോദിച്ചിരുന്നു.
