കലൂരിൽ യുവതികൾക്ക് നേരെ ആക്രമണം; മൂന്ന് പേർ പൊലീസ് പിടിയിൽ
കൊച്ചി കലൂരിൽ യുവതികൾക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി . കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെയാണ് 11 പേരുടെ സംഘം ആക്രമണം നടത്തിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണ്
താമസസ്ഥലത്തിന് സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ റോഡരികിൽ നിന്നിരുന്ന ഒരു സംഘം യുവാക്കൾ യുവതികൾക്ക് നേരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്.എട്ടോളം ആൺകുട്ടികളും പെൺകുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു.
ആക്രമണത്തിനിടെ യുവതികളുടെ മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയും, ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തേക്ക് തള്ളാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.കൂടാതെ, യുവതിയുടെ നെഞ്ചിൽ ചവിട്ടുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്.
