അട്ടപ്പാടി മധു കേസ്: ഒരു സാക്ഷി കൂടി കൂറുമാറി, 55-ാം സാക്ഷി ബിനുവാണ് കൂറുമാറിയത്

  1. Home
  2. Kerala

അട്ടപ്പാടി മധു കേസ്: ഒരു സാക്ഷി കൂടി കൂറുമാറി, 55-ാം സാക്ഷി ബിനുവാണ് കൂറുമാറിയത്

MADHU


അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. 55-ാം സാക്ഷി ബിനുവാണ് കൂറുമാറിയത്. ശ്രീരാഗ് എന്ന ബേക്കറിയിൽ നിന്ന് സിസിടിവി ദൃശ്യം പിടിച്ചെടുത്തപ്പോൾ പൊലീസ് തയ്യാറാക്കിയ മഹസറിൽ ഒപ്പിട്ടയാളാണ് ബിനു. എന്നാൽ വിചാരണയ്ക്കിടെ മഹസിൽ ഒപ്പിട്ടത് താനല്ലെന്ന് ബിനു കോടതിയെ അറിയിച്ചു.  

ബേക്കറി ഉടമകളും കേസിലെ പ്രതികളുമായി ഹരീഷ്, ബിജു എന്നിവരുടെ സഹോദരനാണ് ബിനു. അമ്പത്തിയഞ്ചാം സാക്ഷി കൂടി കൂറുമാറിയതോടെ അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 23 ആയി. അതേസമയം, നേരത്തെ വിചാരണയ്ക്കിടെ കൂറുമാറിയ ഇരുപത്തിയേറാം സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് (സെപ്തംബർ 24) മാറ്റി.

സുനിൽ കുമാറിന്റ് കാഴ്ച ശക്തി പരിശോധിച്ച ഡോക്ടറെ വീണ്ടും വിസ്തരിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ വിചാരണക്കിടെ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണാൻ ആകുന്നില്ലെന്നായിരുന്നു സുനിൽ കുമാർ പറഞ്ഞത്,. തുടർന്നാണ് കോടതി, ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ നിർദേശിച്ചത്. സുനിൽ കുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് പരിശോധിച്ച ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു.