കോഴിക്കോട് മെഡിക്കൽ കോളേജ് ശുചിമുറിയിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; 22-കാരൻ കസ്റ്റഡിയിൽ
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ വെച്ച് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച 22-കാരൻ പോലീസ് പിടിയിൽ. ആശുപത്രിയിലെ 203-ാം നമ്പർ വാർഡിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായി ഉപയോഗിക്കാവുന്ന ശുചിമുറിയിൽ പ്രവേശിച്ച്, മുകൾ ഭാഗത്തുകൂടി തൊട്ടടുത്ത ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താനാണ് ഇയാൾ ശ്രമിച്ചത്.
രോഗിയായ പിതാവിന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു പിടിയിലായ യുവാവ്. ഈ സമയം ശുചിമുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി മുകൾഭാഗത്ത് മൊബൈൽ ഫോൺ കണ്ട് ഭയന്ന് ബഹളം വെക്കുകയും വിവരം മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ രേഖാമൂലമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
