'മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല' ; അലോഷ്യസിനെതിരെ കൃഷ്ണലാൽ
ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിൽ (KSU) ഗ്രൂപ്പ് പോര് കനക്കുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിലപാടുകളെ തള്ളി ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ വ്യക്തമാക്കി.
ഏതെങ്കിലും നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ നാലുവരി എഴുതിയാൽ കേരള മുഖ്യമന്ത്രിയും യുഡിഎഫ് സർക്കാരും വീഴില്ലെന്ന് കൃഷ്ണലാൽ ഫേസ്ബുക്കിൽ കുറിച്ചു. അലോഷ്യസിനെതിരെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലർ സ്വന്തം സ്ഥാപിത താല്പര്യങ്ങൾക്കും മാധ്യമശ്രദ്ധയ്ക്കുമായി പ്രസ്ഥാനത്തെ ഉപയോഗിക്കുകയാണെന്നും സർക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടിൽ നിർത്തുകയാണെന്നും മുബാസ് ആരോപിച്ചു. പ്ലീഡർ നിയമനം കഴിഞ്ഞ് ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടാതെ വിവാദമുണ്ടാക്കാനാണ് സംസ്ഥാന പ്രസിഡന്റ് ശ്രമിച്ചതെന്നും, ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിനെക്കുറിച്ച് ഇവർ മിണ്ടുന്നില്ലെന്നും വിമർശനമുണ്ട്. കെ.എസ്.യു ഔദ്യോഗികമായി ഒരു ലിസ്റ്റും നൽകിയിട്ടില്ലെന്നും നിലവിലെ ആശങ്കകൾ ചിലരുടെ മോഹഭംഗങ്ങളിൽ നിന്ന് ഉണ്ടായതാണെന്നും മുബാസ് കൂട്ടിച്ചേർത്തു.
എന്നാൽ, പ്ലീഡർ നിയമനത്തിലെ തന്റെ ഇടപെടൽ തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും ആവർത്തിക്കുമെന്ന ഉറച്ച നിലപാടിലാണ് അലോഷ്യസ് സേവ്യർ. കെ.എസ്.യു പ്രവർത്തകരുടെ ചോരയും നീരുമാണ് ഈ യുഡിഎഫ് സർക്കാരെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ, അലോഷ്യസ് സേവ്യറിന് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം ഡിസിസി (DCC) ഓഫീസിന് മുന്നിൽ അർദ്ധരാത്രിയിൽ ബാനർ പ്രത്യക്ഷപ്പെട്ടു. 'കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തിൽ കെ.എസ്.യുവിന് കാര്യമുണ്ടെന്നും ചരിത്രം മറക്കാൻ തയ്യാറല്ലെന്നുമാണ്' ബാനറിലുണ്ടായിരുന്നത്. കെ.എസ്.യു എറണാകുളം അസംബ്ലി ഭാരവാഹികളായ ബസിൽ സമാൻ, ഋതുപർണ്ണദേവ് എന്നിവർ ചേർന്ന് സ്ഥാപിച്ച ബാനർ പിറ്റേന്ന് രാവിലെയായപ്പോഴേക്കും ഓഫീസിന് മുന്നിൽ നിന്ന് അപ്രത്യക്ഷമായി.
