ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
മലപ്പുറം കിഴിശ്ശേരിയിൽ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് മരിച്ചത്. വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷൗക്കത്ത് ഉന്നയിച്ചത്. ഫിറ്റ്നസിനായി ഏജൻ്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മോട്ടോർവാഹന വകുപ്പ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല..
