ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ഫിറ്റ്‌നസ് നിഷേധിച്ചത് സുരക്ഷാ വീഴ്ച മൂലമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട്

  1. Home
  2. Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ഫിറ്റ്‌നസ് നിഷേധിച്ചത് സുരക്ഷാ വീഴ്ച മൂലമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട്

shoukath


മലപ്പുറത്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണർ ഗതാഗത മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വാഹനത്തിൽ വരുത്തിയ അനധികൃത രൂപമാറ്റങ്ങളും സുരക്ഷാ വീഴ്ചകളും കാരണമാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ മാറ്റങ്ങൾ നീക്കം ചെയ്യാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എ.എം.വി.ഐ) നിർദ്ദേശിച്ചിരുന്നു.

2025 നവംബർ 11-ലെ പരിശോധനയ്ക്ക് ശേഷം വാഹനം വീണ്ടും സി.എഫ് ടെസ്റ്റിനായി ആർ.ടി ഓഫീസിൽ ഹാജരാക്കിയിരുന്നില്ല. മുൻപ് ആർ.ടി ഓഫീസുകളിൽ ഷൗക്കത്ത് മറ്റ് പരാതികളൊന്നും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കുമെതിരെയുള്ള ആരോപണങ്ങളിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, ഷൗക്കത്തിന്റെ ആരോപണവിധേയനായ എ.എം.വി.ഐ പ്രേംകുമാറിനെ 2026 മാർച്ച് 16-ന് രാമനാട്ടുകര സബ് ആർ.ടി.ഒയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ പോലീസിന്റെ സമാന്തര അന്വേഷണവും തുടരുകയാണ്.