തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവറെ കാണാനില്ല, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി

  1. Home
  2. Kerala

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവറെ കാണാനില്ല, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി

auto accident


തിരുവനന്തപുരം വേറ്റിനാട് കുറ്റിയാണി റോഡിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലതയെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറിയിരുന്നു. വിവാഹസത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരും റോഡിലെ വെള്ളക്കെട്ട് കണ്ട് ഓട്ടോ തിരിക്കാനുള്ള ശ്രമത്തിനിടയിലാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.

അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ ലതയെ കരയ്ക്കുകയറ്റിയത്. വിദ്യാധരനെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കയ്യിൽ നിന്ന് വഴുതി വെള്ളത്തിലെ കുത്തൊഴുക്കിലേക്ക് ഒലിച്ചുപോവുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി വിദ്യാധരനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.