ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്
ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്കിന് സംയുക്ത തൊഴിലാളി യൂണിയനുകൾ. ഇന്ധനവിലയും വാഹന ഇൻഷുറൻസ് തുകയും വർധിച്ചിട്ടും യാത്രാനിരക്കിൽ മാറ്റമില്ലാത്തത് തൊഴിലാളികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നാണ് യൂണിയനുകളുടെ പരാതി.
കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണ ഇന്ധനവില വർധിച്ചിട്ടും യാത്രാനിരക്ക് പുതുക്കിയിട്ടില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ വരുമാനംകൊണ്ട് കുടുംബച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു.
നിരക്ക് വർധന ആവശ്യപ്പെട്ട് നേരത്തെ ഗതാഗത മന്ത്രിയെയും ഗതാഗത കമ്മിഷണറെയും സമീപിച്ച് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി.
