അയോദ്ധ്യ സംഭാവന തട്ടിപ്പ്: സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പിണറായി
അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരിൽനിന്നും പൊതുജനങ്ങളിൽനിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം.
ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ളവരാണ് ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളെന്നും അദ്ദേഹം ആരോപിച്ചു.പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ അഴിമതി ആരോപണങ്ങളുടെ നിഴലിലായിരിക്കുന്നതെന്നും, ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിക്കേണ്ട ബാധ്യതയുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് സമാഹരിച്ച പണം എവിടേക്കാണ് പോയതെന്ന് ട്രസ്റ്റും അതിന്റെ ഭാരവാഹികളും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോദ്ധ്യ ക്ഷേത്ര ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്നും പിണറായി വിമർശിച്ചു.വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഉടൻ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
