കോതമംഗലത്ത് വൈദ്യുതാഘാതമേറ്റ് കുട്ടിയാന ചരിഞ്ഞു
കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ വടക്കുംഭാഗത്താണ് സംഭവം. ജോൺസന്റെ പറമ്പിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്.
രാത്രിയിൽ റബർ തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം റബർ മരങ്ങൾ മറിച്ചിട്ടതിനെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടിവീണിരുന്നു. ഈ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റാണ് കുട്ടിയാന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് വാർഡ് മെമ്പർ എം.കെ. എൽദോസ് പറഞ്ഞു. സംഭവം സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
