ബാലഭാസ്‌കറിന്റെ അപകടമരണം: സിബിഐ വീണ്ടും അന്വേഷണം തുടങ്ങി; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

  1. Home
  2. Kerala

ബാലഭാസ്‌കറിന്റെ അപകടമരണം: സിബിഐ വീണ്ടും അന്വേഷണം തുടങ്ങി; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

image


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. സിബിഐ കൊച്ചി യൂണിറ്റിലെ അഴിമതി നിരോധന വിഭാഗം എസ്.പി വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെയും മാതാവ് ബി. ശാന്തകുമാരിയുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

അപകടം നടന്ന തിരുവനന്തപുരം പള്ളിപ്പുറത്തെ സ്ഥലത്തും സംഘം പരിശോധന നടത്തി. 2018 സെപ്റ്റംബർ 25ന് പള്ളിപ്പുറം സിആർപിഎഫ് ക്യാംപിന് സമീപമായിരുന്നു അപകടം. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മകൾ തേജസ്വിനി അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണു മരിച്ചത്. ഭാര്യ ലക്ഷ്മി ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ 20 സാഹചര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇവയിൽ വ്യക്തത വരുത്തുകയാണ് പുതിയ അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം. സിബിഐയിലെ അഡീഷണൽ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ നടത്തുന്ന മൂന്നാമത്തെ അന്വേഷണമാണിത്. ആദ്യ അന്വേഷണത്തിൽ അപകടമരണമെന്ന നിഗമനത്തിലാണ് സിബിഐ എത്തിയത്. എന്നാൽ സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം വീണ്ടും അന്വേഷണം നടത്തി. അന്നും അപകടമരണമെന്ന മുൻ കണ്ടെത്തൽ ആവർത്തിച്ചായിരുന്നു സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്.