ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ മാറ്റി

  1. Home
  2. Kerala

ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ മാറ്റി

image


നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് വിവാദത്തിന് പിന്നാലെ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായാണ് പുതിയ നിയമനം. എക്‌സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല അഡീഷണൽ കമ്മീഷണർക്ക് നൽകി. എക്‌സൈസ് മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെയാണ് നടപടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ രണ്ട് ബാറുകൾക്ക് മന്ത്രിയെ അറിയിക്കാതെ ലൈസൻസ് അനുവദിച്ചത് വലിയ വിവാദമായിരുന്നു. കമ്മീഷണറുടെ നടപടി ദുരൂഹവും എക്‌സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. സാംബശിവ റാവുവിനെ ചുമതലയിൽനിന്ന് മാറ്റണമെന്ന് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, വിമാനത്താവളത്തിനുള്ളിൽ രണ്ട് ബാറുകൾക്ക് എഫ്.എൽ-7 ലൈസൻസ് അനുവദിച്ചത് ഔദ്യോഗിക ഉത്തരവാദിത്തത്തിന്റെ ഭാഗമായിരുന്നുവെന്നാണ് കമ്മീഷണറുടെ വിശദീകരണം. 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമപ്രകാരം ലൈസൻസ് അനുവദിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും നിയമം പിന്തുടരുക മാത്രമാണ് ചെയ്തതെന്നും നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിവാദത്തിന് പിന്നാലെ എക്‌സൈസ് മന്ത്രിക്കും സാംബശിവ റാവു വിശദീകരണം നൽകിയിരുന്നു. ഇതുവരെ നിയമപരമായാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും ബാർ ലൈസൻസ് ഉൾപ്പെടെയുള്ള അനുമതികളെക്കുറിച്ച് സർക്കാരിന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.