ഭാരതാംബയുടെ ചിത്രം: കരാർ ലംഘനം; സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേരളാ സർവകലാശാല

കേരളാ സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിന് സംഘാടകർക്കെതിരെ നിയമനടപടികൾക്കൊരുങ്ങി കേരളാ സർവകലാശാല. കരാർ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ശ്രീപത്മനാഭ സേവാ സമിതിക്കെതിരെ നടപടി സ്വീകരിക്കാൻ സർവകലാശാല തീരുമാനിച്ചത്.
പരിപാടിയിൽ മതപരമായ പ്രതീകങ്ങളും പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് കരാറിൽ വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ കരാർ ലംഘനം നടത്തി ഭാരതാംബിയയുടെ ചിത്രം വെച്ചതിനെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പേരിൽ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാബ ചിത്രം ഉൾപ്പെടുത്തിയത്. തുടർന്ന് സർവകലാശാലയുടെ പരിസരത്ത് എസ്എഫ്ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്താണ് ഗവർണർ പരിപാടിക്ക് എത്തിയത്. പരിപാടി നടക്കുന്ന സമയത്തും എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് മറ്റൊരു ഗേറ്റിലൂടെയാണ് ഗവർണർ പുറത്തുപോയത്.ഇന്നലെ നടന്ന സംഘർഷങ്ങളിലുണ്ടായ നാശനഷ്ടം കണക്കാക്കാനും രജിസ്ട്രാർ നിർദേശം നൽകിയിട്ടുണ്ട്.