ബിന്ദു അമ്മിണി ഇനി സുപ്രീംകോടതി അഭിഭാഷക; ഡൽഹിയിൽ താമസമാക്കി

  1. Home
  2. Kerala

ബിന്ദു അമ്മിണി ഇനി സുപ്രീംകോടതി അഭിഭാഷക; ഡൽഹിയിൽ താമസമാക്കി

Bindu ammini


കേരളം വിട്ട് ഡൽഹിയിലേക്ക് പോയ ബിന്ദു അമ്മിണി സുപ്രിംകോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. മുതിർന്ന അഭിഭാഷകനായ മനോജ് സെൽവന്റെ ഓഫീസിലാണ് ഇനി ഇവർ പ്രവർത്തിക്കുക. ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

2011 ഫെബ്രുവരിയിൽ കേരള ബാർ കൗൺസിലിൽ ബിന്ദു അഭിഭാഷകയായി  എൻറോൾ ചെയ്തിരുന്നു. എന്നാൽ 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് ആരംഭിച്ചത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അധ്യാപനത്തിൽ ആയിരുന്നെങ്കിലും ഇവർ എൻറോൾമെന്റ് നിലനിർത്തുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമപരമായി തടസ്സമുണ്ടായിരുന്നില്ല.

ഏപ്രിൽ 29നായിരുന്നു കേരളം വിട്ടുപോവുകയാണെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രിവിലേജുകളിൽ കഴിയുന്നവർക്ക് കേരളം സുരക്ഷിതമാണെന്നും, തന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞായിരുന്നു അവർ പോസ്റ്റ് അവസാനിപ്പിച്ചത്.

ശബരിമല യുവതീ പ്രവേശന വിധിയെ തുടർന്ന് സന്നിധാനത്തെത്തിയ ബിന്ദു അമ്മിണിക്കെതിരെ നിരവധി വട്ടം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു. സൈബർ ഇടത്തിലെ അസഭ്യവർഷത്തെ കൂടാതെ നിരത്തുകളിലും പലവിധ ആക്രമണങ്ങളും ബിന്ദു അമ്മിണി നേരിട്ടിരുന്നു.