പക്ഷിപ്പനി; ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

  1. Home
  2. Kerala

പക്ഷിപ്പനി; ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

avian influenza


ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. രോഗബാധ കണ്ടെത്തിയ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലായി 19,881 വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ (Culling) അധികൃതർ തീരുമാനിച്ചു. നെടുമുടിയിൽ കോഴികൾക്കും മറ്റ് പഞ്ചായത്തുകളിൽ താറാവുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം കണ്ടെത്തിയ സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട എന്നിവയെ പൂർണ്ണമായും കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശം. ഇതിനായി പ്രത്യേക ദ്രുതകർമ്മ സേനകളെ നിയോഗിച്ചു. കോട്ടയം ജില്ലയിലെ കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ വാർഡുകളിലും കാടകൾക്കും കോഴികൾക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ പക്ഷികൾ, മുട്ട, ഇറച്ചി എന്നിവയുടെ വിൽപ്പനയ്ക്കും കടത്തലിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർക്കും പൊതുജനങ്ങൾക്കും ആവശ്യമായ മുൻകരുതലുകൾ നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.