ബി.ജെ.പി കൗൺസിലർ സുഗതന് ജാമ്യമില്ല, അപേക്ഷകൾ കോടതി തള്ളി; അയോഗ്യതയ്ക്ക് സാധ്യത
തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. കഴിഞ്ഞ മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജങ്ഷനിൽ വെച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ചതാണ് ഒരു കേസ്. കഴിഞ്ഞ മാസം കാപ്പ (KAAPA) നിയമപ്രകാരം അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. നിലവിൽ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
ഈ കേസുകളിൽ ജാമ്യം ലഭിച്ചാലും സുഗതന് നിലവിൽ പുറത്തിറങ്ങാൻ കഴിയില്ല. ഒരു ക്ഷേത്രോത്സവത്തിനിടയുണ്ടായ കൊലപാതക ശ്രമക്കേസിലെ തെളിവുശേഖരണത്തിനായി പോലീസ് കഴിഞ്ഞ ദിവസം സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇയാളെ വീണ്ടും വിയ്യൂർ ജയിലിലേക്ക് തന്നെ മാറ്റി.
അതേസമയം, ജയിലിലായതോടെ സുഗതന്റെ കൗൺസിലർ സ്ഥാനവും പ്രതിസന്ധിയിലായിരിക്കുകയാണ്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ സുഗതന് അയോഗ്യത നേരിടേണ്ടി വരും. സുഗതന്റെ സത്യപ്രതിജ്ഞ അസാധുവാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് ഇതിനിടെ വന്നിരുന്നതിനാൽ ഇയാൾക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അടുത്ത കൗൺസിൽ യോഗത്തിന് മുൻപ് ജാമ്യം നേടി പുറത്തിറങ്ങാനായിരുന്നു സുഗതന്റെ ശ്രമം.
