കള്ളപ്പണക്കേസ്; ക്ലാസില്‍ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് എ.സി മൊയ്തീന്‍

  1. Home
  2. Kerala

കള്ളപ്പണക്കേസ്; ക്ലാസില്‍ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് എ.സി മൊയ്തീന്‍

ac


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ എ.സി മൊയ്തീന്‍ എം.എല്‍.എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടത് കൊണ്ട് ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം ഇമെയിലിലൂടെ ഇഡിയെ അറിയിച്ചു. ക്ലാസില്‍ പങ്കെടുക്കാനായി എ.സി മൊയ്തീന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി.
സെപ്റ്റംബർ 10ന് മൊയ്തീനെ പത്ത് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. സമര്‍പ്പിച്ച രേഖകളും ഇഡി ശേഖരിച്ച വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. നേരത്തെ മൊയ്തീന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷേപ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് കാട, വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവരെ തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
ശേഷം തിങ്കളാഴ്ച, കേസിലെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകള്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ചില സ്ഥലങ്ങളിൽ റെയ്ഡ് തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം.കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിനിടെ അയ്യന്തോള്‍ സഹകരണ ബാങ്കിലെ പരിശോധന ഇന്നും തുടരും.