കള്ളക്കടൽ പ്രതിഭാസം: തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണ സാധ്യത

  1. Home
  2. Kerala

കള്ളക്കടൽ പ്രതിഭാസം: തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണ സാധ്യത

sea


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയുമുള്ള തീരങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കൂടാതെ കന്യാകുമാരി തീരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും പ്രധാന തുറമുഖങ്ങളിൽ ലോക്കൽ കാഷനറി സിഗ്‌നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ) തുടർന്നും ഉയർത്തി നിർത്താൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ബേപ്പൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള എല്ലാ പ്രധാന തുറമുഖങ്ങളിലും ഈ മുന്നറിയിപ്പ് ബാധകമാണ്.

ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖത്തും കർണാടകയിലെ മംഗളൂരു, കാർവാർ തുടങ്ങിയ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും. നിലവിലുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കടലിൽ പോകുന്നതിന് മുൻപ് പുതിയ കാലാവസ്ഥ വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.