വാഹനപരിശോധനയ്ക്കിടെ കിട്ടിയത് ഹൃദയം, കരൾ..; പിന്നിൽ മന്ത്രവാദത്തട്ടിപ്പ്, മധുര സ്വദേശിയെ കബളിപ്പിച്ച് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ

മനുഷ്യാവയവങ്ങൾ ഉപയോഗിച്ചുള്ള ദുർമന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് മധുര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 3 പേരെ തേനി ഉത്തമപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തമപാളയം സ്വദേശി ജയിംസ് സ്വാമി എന്ന ജയിംസ് (55), ബാബാ ഫക്രുദീൻ(38), പാണ്ടി(30) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ സംഘത്തിലുൾപ്പെട്ട പരുമല നാക്കട കാട്ടിൽപറമ്പിൽ ചെല്ലപ്പൻ(57) തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലാണ്. സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഉത്തമപാളയത്ത് വാഹനപരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തിയതോടെയാണ് മന്ത്രവാദത്തട്ടിപ്പിന്റെ വിവരം പുറംലോകമറിയുന്നത്. വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ അലക്‌സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിങ്, മുരുകൻ എന്നിവർ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്.
കേരളത്തിലെ പൂജയ്ക്കു ശേഷമെത്തിച്ച, മനുഷ്യന്റെ അവയവഭാഗങ്ങളാണിവയെന്നും ഇതു വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും ജയിംസ് സ്വാമി എന്നയാൾ പറഞ്ഞു വിശ്വസിപ്പിച്ചതായി ഇവർ പൊലീസിനോടു പറഞ്ഞു. കേരളത്തിൽ വണ്ടിപ്പെരിയാറിലാണ് അവയവങ്ങൾ കൈമാറിയതെന്ന് ഇവർ മൊഴി നൽകി. തുടർന്ന് തമിഴ്‌നാട് പൊലീസ് സംഘം വണ്ടിപ്പെരിയാറിൽ എത്തി നടത്തിയ അന്വേഷണത്തിൽപെട്ടി കൈമാറിയത് പത്തനംതിട്ട പരുമല സ്വദേശി ചെല്ലപ്പനാണെന്നു വ്യക്തമായി. കണ്ടെടുത്ത ആന്തരികാവയവങ്ങൾ ആടിന്റേതാണെന്നും പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.
ജയിംസ് സ്വാമിയാണ് തട്ടിപ്പിന്റെ തലവനെന്ന് പൊലീസ് പറയുന്നു. ജയിംസ് തമിഴ്‌നാട്ടിൽ മന്ത്രവാദം ചെയ്യുന്നയാളാണ്. മനുഷ്യാവയവങ്ങൾ ഉപയോഗിച്ചാണ് തന്റെ മന്ത്രവാദമെന്നും ഇതു കേരളത്തിൽ മാത്രമേ കിട്ടുകയുള്ളൂവെന്നും ഇതിനായി സമീപിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കും. ഇതു ലഭിക്കാനായി, സുഹൃത്തായ വക്കീലിനെ കാണാനും നിർദേശിക്കും. ഈ വക്കീലാണു കേരളത്തിലെ ദുർമന്ത്രവാദിയെന്നു പരിചയപ്പെടുത്തി ചെല്ലപ്പന്റെയടുത്തേക്ക് ആളെ എത്തിക്കുന്നത്.
ജയിംസ് സ്വാമി ഇറച്ചിക്കടയിൽ നിന്നു വാങ്ങുന്ന മൃഗങ്ങളുടെ നാക്കിന്റെയും കരളിന്റെയും ഭാഗങ്ങൾ സ്പിരിറ്റിലിട്ട് ചെല്ലപ്പനെ ഏൽപിക്കും. ഇതു ലക്ഷങ്ങൾ വാങ്ങി കക്ഷികൾക്കു നൽകുകയാണു ചെല്ലപ്പൻ ചെയ്തിരുന്നത്. സാധനവുമായി കക്ഷികൾ പോകുമ്പോൾ പൊലീസിനു വിവരം നൽകും. ഇതനുസരിച്ച് പൊലീസ് വാഹനം പരിശോധിക്കുമ്പോൾ അവയവങ്ങൾ ലഭിക്കുകയും ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. അവയവങ്ങളുമായി കക്ഷികൾ തിരികെ മന്ത്രവാദത്തിനു വരാതിരിക്കാനാണ് പൊലീസിനെ കൊണ്ടു പിടിപ്പിക്കുന്നത്. തട്ടിപ്പിൽ നിന്നു ലഭിക്കുന്ന പണം ജയിംസ് സ്വാമിയും ചെല്ലപ്പനും വീതിച്ചെടുക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസത്തെ തട്ടിപ്പിൽ 50,000 രൂപ ചെല്ലപ്പനു നൽകി. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.