തൃശൂരിൽ ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; അപകടം മീനിന് തീറ്റ കൊടുക്കാൻ പോയപ്പോൾ
തൃശ്ശൂർ നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കോൾപ്പാടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാടത്ത് പ്രത്യേകം തയാറാക്കിയ നെകോളിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. എന്നാൽ പാടത്തിന് നടുവിലെത്തിയപ്പോൾ പെട്ടെന്ന് ബോട്ട് മുങ്ങുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവർ നീന്തി കരയ്ക്കെത്തി. അപകടത്തിൽപ്പെട്ട സുനിലിനെ പിന്നീട് പാടവരമ്പിൽ തളർന്നുകിടക്കുന്ന നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു. സുനിലിനൊപ്പം ബോട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ മുൻപരിചയമില്ലെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ വ്യക്തമാക്കുന്നത്. അപകടവിവരമറിഞ്ഞ് സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും രാത്രി മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കനത്ത ഇരുട്ടായതിനാൽ ആദ്യഘട്ടത്തിൽ ആരെയും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലിലാണ് കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
നെടുപുഴ പോലീസും തൃശ്ശൂർ അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. നെടുപുഴ എസ്.ഐ. പി. രാജനാരായണൻ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, സീനിയർ ഫയർ ഓഫീസർ പി.എസ്. ബിനു, ശ്രീഹരി, ദിനേശ്, ഗോകുൽ, ഷാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
