കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു, കനത്ത ജാഗ്രത
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസിൽ ബോംബ് ഭീഷണി. പ്രിൻസിപ്പൽ ഓഫീസും ഭരണവിഭാഗവും പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
മൂന്ന് ആർ.ഡി.എക്സ് ഐ.ഇ.ഡി (RDX IED) ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇമെയിൽ വഴി ലഭിച്ച സന്ദേശത്തിൽ പറയുന്നത്. ഉച്ചയ്ക്ക് 1.35-ന് മുൻപായി ആളുകളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കണമെന്നും മെയിലിൽ മുന്നറിയിപ്പുണ്ട്. 'മുഹമ്മദ് വിക്രം രാജ് ഗുരു' എന്ന ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. 1979-ലെ നയനാർ ദാസ് പൊലീസ് യൂണിയൻ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന ആവശ്യമാണ് സന്ദേശത്തിൽ ഉന്നയിച്ചിരിക്കുന്നത്.
