കുഴൽക്കിണർ ഡ്രില്ലിംഗ് വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി; രണ്ട് തൊഴിലാളികൾ മരിച്ചു
കാസർകോട് വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം ഘടിപ്പിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം.മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്.
ചൂട് കാലമായതിനാൽ കുടുംബം വീടിൻ്റെ ഹാളിലാണ് ഉറങ്ങിയിരുന്നത്. വാഹനം ഇറക്കത്തിൽ നിയന്ത്രണം വിട്ട് വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രാക്ടറിൻ്റെ ക്രെയിൻ വീടിൻ്റെ ടെറസിൽ തട്ടി നിന്നത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. എന്നാൽ വാഹനത്തിലെ രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പ്രദേശത്ത് അപായ സൂചനകൾ ഉൾപ്പെടെ ഒന്നും നൽകാത്തത് സ്ഥിരമായി അപകടങ്ങൾക്ക് കാരണമാവുന്നതായി നാട്ടുകാർ പറയുന്നു. നേരത്തെയും നിരവധി അപകടങ്ങൾ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.
