ആൺകുട്ടികൾക്ക് മുടി വളർത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

  1. Home
  2. Kerala

ആൺകുട്ടികൾക്ക് മുടി വളർത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

school boy


ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. മുഖമോ കണ്ണുകളോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാൻ കുട്ടികൾക്ക് ചുമതലയുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിക്കുകയോ വേണം. എന്നാൽ മുടിയിൽ കെമിക്കലുകളോ കളറുകളോ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

മുടിയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസിൽ നിന്ന് മാറ്റി നിർത്താനോ വിവേചനപരമായി പെരുമാറാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ നിർദേശിച്ചു. കുട്ടികളുടെ ബാഹ്യ രൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂളുകൾ മുൻഗണന നൽകേണ്ടത്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളെക്കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് അടിയന്തരമായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം. രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ, കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ എന്നിവർ നൽകിയ ഹരജികൾ പരിഗണിച്ചാണ് ഈ ഉത്തരവ്.