10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്; കൊച്ചി മോഡൽ ഇന്ദിര കാന്റീൻ ഇനി കൊല്ലത്തും

  1. Home
  2. Kerala

10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്; കൊച്ചി മോഡൽ ഇന്ദിര കാന്റീൻ ഇനി കൊല്ലത്തും

indira canteen


കൊച്ചിക്ക് പിന്നാലെ കൊല്ലത്തും കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന 'ഇന്ദിര കാന്റീൻ' ആരംഭിക്കുന്നു. കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ അടുത്ത രണ്ട് മാസത്തിനകം പദ്ധതി പ്രവർത്തനം ആരംഭിക്കും. ദിവസം വെറും 50 രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം നൽകുന്നതാണ് ഇന്ദിര കാന്റീൻ പദ്ധതി.

10 രൂപയ്ക്ക് പ്രഭാതഭക്ഷണം, 20 രൂപയ്ക്ക് ഉച്ചയൂണ്, 10 രൂപയ്ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെയാണ് ഭക്ഷണനിരക്കുകൾ ക്രമീകരിക്കാൻ ആലോചിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാഴ്‌സലായും ലഭ്യമാക്കും (പാക്കിംഗ് ചാർജ് അധികമായി ഈടാക്കും). ഭക്ഷണം ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യത്തിനായി വിവിധ ഏജൻസികളുമായി ചർച്ചകൾ നടക്കും. രാവിലെ ഇഡ്ഡലി അല്ലെങ്കിൽ ദോശയും വെജിറ്റബിൾ കറിയും, ഉച്ചയ്ക്ക് ചോറും രണ്ട് കറിയും അച്ചാറും തോരനും, രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയും അടങ്ങുന്നതായിരിക്കും മെനു. വിലയും മെനുവും കോർപ്പറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്ത് അന്തിമമാക്കും.

പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്‌സിലെ നാല് കടമുറികൾ കേന്ദ്രീകരിച്ചായിരിക്കും കാന്റീൻ പ്രവർത്തിക്കുക. പാചക പാത്രങ്ങൾ, ഡൈനിംഗ് സൗകര്യം, ഇന്റീരിയർ, ശൗചാലയങ്ങൾ എന്നിവ സജ്ജമാക്കാൻ ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കും തുടക്കത്തിലെ സബ്‌സിഡിക്കുമായി സി.എസ്.ആർ (CSR) ഫണ്ട് കണ്ടെത്താനാണ് കോർപ്പറേഷന്റെ തീരുമാനം.