എന്തുകിട്ടിയാലും കൈനീട്ടി വാങ്ങിയിരുന്ന സുരേഷ് കുമാർ; പുഴുങ്ങിയ കോഴിമുട്ട പേപ്പറിൽ പൊതിഞ്ഞ് വാങ്ങി, മുറിയിൽ പടക്കങ്ങളും കെട്ടുകണക്കിന് പേനകളും

  1. Home
  2. Kerala

എന്തുകിട്ടിയാലും കൈനീട്ടി വാങ്ങിയിരുന്ന സുരേഷ് കുമാർ; പുഴുങ്ങിയ കോഴിമുട്ട പേപ്പറിൽ പൊതിഞ്ഞ് വാങ്ങി, മുറിയിൽ പടക്കങ്ങളും കെട്ടുകണക്കിന് പേനകളും

BRIBARY


കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റ് വി. സുരേഷ് കുമാർ കോഴിമുട്ട പേപ്പറിൽ പൊതിഞ്ഞതുപോലും കൈക്കൂലിയായി വാങ്ങിയ ആളാണെന്ന് നാട്ടുകാർ. തേനും കുടംപുളിയും ഉൾപ്പടെ എന്തുകിട്ടിയാലും വാങ്ങിക്കുന്ന സുരേഷ് കുമാർ പണം കിട്ടാതെ ഒന്നും ചെയ്തിരുന്നില്ലെന്നും അവർ പറയുന്നു. കൈക്കൂലി നൽകുന്നതുവരുടെ നടപടിയെടുക്കാതെ അപേക്ഷ പിടിച്ചുവയ്ക്കുന്ന ഒരാളായിരുന്നു സുരേഷ് കുമാർ എന്നും നാട്ടുകാർ പറഞ്ഞു.

കൈക്കൂലിവാങ്ങൽ വ്യാപകമായതോടെ വിജിലൻസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെ വീണ്ടും കൈയിൽ കിട്ടുന്നതെന്തും വാങ്ങുന്നത് തുടരുകയായിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നും അങ്ങനെ സംശയം തോന്നിയിട്ടില്ലെന്നുമാണ് പാലക്കയം വില്ലേജ് ഓഫീസർ പി.ഐ.സജീത് പറയുന്നത്. അതിനിടെ സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂൺ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

കൈക്കൂലിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെങ്കിലും സുരേഷ് കുമാർ നയിച്ചിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സൂക്ഷിച്ചിരുന്നത് സ്വന്തമായി വീട് വയ്ക്കാനാണെന്നാണ് പൊലീസിന് മൊഴി നൽകിയത്.അവിവാഹിതൻ ആയിരുന്നതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വന്നിരുന്നില്ലെന്ന് സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു. 35 ലക്ഷം രൂപയ്ക്ക് പുറമേ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖയും 17 കിലോ നാണയവും മുറിയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാറില്ലായിരുന്നുവെന്നാണ് വിജിലൻസ് അറിയിക്കുന്നത്. നിലവിൽ ഇയാളുടെ സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്.